തോമസ് ഐസകിനു വേണ്ടി നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ല…വാക്കേറ്റവും കൈയാങ്കളിയും….
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്നു വിമർശനം ഉയർന്നതിനു പിന്നാലെയാണ് രൂക്ഷമായ തർക്കമുണ്ടായത്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരടിച്ചത്. കൂട്ടത്തില്‍ മുതിർന്ന നേതാവ് സി.പി.എം നേതൃത്വത്തോട് രാജിഭീഷണി മുഴക്കുകയും ചെയ്തു.
തോമസ് ഐസകിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പേരിലായിരുന്നു തർക്കം. ഇന്നലെ മന്ത്രി വി.എൻ വാസവൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണു കൈയാങ്കളിയുണ്ടായത്. ഐസകിന്റെ പ്രചാരണത്തിൽ നിന്ന് ചില നേതാക്കൾ വിട്ടുനിൽക്കുന്നുവെന്നും പ്രചാരണം വേണ്ടത്ര പോരെന്നും ആറന്മുള ഭാഗത്തുനിന്നുള്ള സെക്രട്ടറിയേറ്റ് അംഗം ആരോപിച്ചു. ഇത് അടൂരിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം എതിർത്തു. ഇതോടെയാണു വാക്കുതർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീളുകയായിരുന്നു.
സ്ഥിതിഗതികൾ മന്ത്രി വാസവൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനു സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണു വിവരം.