തോട്ടിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥിക്ക് ആദരം…

അമ്പലപ്പുഴ : തെരുവുനായയിൽ നിന്ന് രക്ഷപെടാൻ തോട്ടിൽ ചാടി മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിച്ച അഭിനവിനെ എച്ച് .സലാം എം. എൽ .എ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് തോട്ടപ്പള്ളി പുത്തൻവീട്ടിൽ പ്രവീൺ – സോളി ദമ്പതികളുടെ മകൻ അഭിനവ് (11) നെയാണ് എച്ച് .സലാം എം .എൽ .എ വീട്ടിലെത്തി അനുമോദിച്ചത്.
മാന്നാർ പാവുക്കര കരയോഗം യു. പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. മൂന്നുവർഷമായി അമ്മ സോളിയുടെ മാന്നാറിലുള്ള മേൽപ്പാടം കോയിപ്പള്ളി വിരുത്തിൽ വീട്ടിൽ നിന്നാണ് അഭിനവ് പഠിക്കുന്നത്. ഓഗസ്റ്റ് 23 ന് വൈകിട്ട് ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും അഭിനവിൻ്റെ സുഹൃത്തുമായ സിദ്ധാർത്ഥ് അഭിനവിൻ്റെ വീട്ടിലേക്ക് എത്തുമ്പോഴാണ് തെരുവുനായ അക്രമിക്കാനെത്തിയത്. ഭയന്നോടിയ സിദ്ധാർത്ഥ് രക്ഷക്കായി സമീപത്തെ തോട്ടിലേക്കു ചാടി. ദൂരെ ഇത് കണ്ടുകൊണ്ട് നിന്ന അഭിനവ്, തോട് ആഴമുള്ളതാണെന്ന് മനസ്സിലാക്കുകയും പിന്നാലെ സിദ്ധാർത്ഥിനെ രക്ഷിക്കാനായി തോട്ടിലേക്ക് എടുത്തുചാടുകയുമായിരുന്നു. ഈ സമയം മുങ്ങിത്താണ് മുകളിലേക്ക് ഉയർന്ന സിദ്ധാർത്ഥിന്റെ മുടിക്ക് കുത്തിപ്പിടിച്ചു.

പുഴയും വെള്ളവും നീന്തലും പരിചയമുള്ള അഭിനവ് സിദ്ധാർത്ഥന്റെ തുടയിൽ ചവിട്ടി കരയോട് അടുപ്പിക്കുകയായിരുന്നു.ഈ സമയം അഭിനവിൻ്റെ ദേഹത്ത് പിടിക്കരുതെന്ന നിർദ്ദേശവും സിദ്ധാർത്ഥിനു നൽകി.വിദ്യാർത്ഥികൾക്കുള്ള വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത അതിൻ്റെ അറിവിൽ നിന്നാണ് ശാസ്ത്രീയമായ ഈ രക്ഷാപ്രവർത്തനം അഭിനവ് സ്വായത്തമാക്കിയത്. ഏറെ വൈകാതെ തന്നെ സിദ്ധാർത്ഥിനെ കരയിൽ എത്തിച്ച് വീട്ടിൽ കൊണ്ടുപോയി, മാറിയിടാൻ വസ്ത്രങ്ങളും നൽകി. തുടർന്ന് സിദ്ധാർത്ഥന്റെ രക്ഷകർത്താക്കളെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു.
മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ അഭിനവ് നാടിന് അഭിമാനമാണെന്ന് സലാം എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് എ .എസ്. സുദർശനൻ, അംഗം പ്രിയ അജേഷ്, സി.പി. എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം പ്രസന്നൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button