തെറ്റാലി ഉപയോഗിച്ച് അയൽക്കാരെ വർഷങ്ങളായി ആക്രമിച്ചയാൾ പിടിയിൽ..പിന്നാലെ മരണം…
തെറ്റാലി ഉപയോഗിച്ച് അയൽവാസികൾക്ക് വർഷങ്ങളായി ശല്യമുണ്ടാക്കിയിരുന്നയാൾ അറസ്റ്റിലായതിന് പിന്നാലെ മരിച്ചു. പൊതുജനത്തിന് ദീർഘകാലമായി ശല്യമുണ്ടാക്കിയതിനായിരുന്നു 81കാരൻ അറസ്റ്റിലായത്. കാലിഫോർണിയയിലെ അസൂസാ എന്ന ചെറുനഗരത്തിലെ വിവിധ മേഖലയിലെത്തി വീടുകളുടെ ജനലുകളും വാഹനങ്ങളും അടക്കമുള്ളവ 81കാരൻ തെറ്റാലി ഉപയോഗിച്ച് തകർത്തിരുന്നു.. ബോൾ ബെയറിംഗുകളാണ് ഇയാൾ തെറ്റാലിയിൽ ഉപയോഗിച്ചിരുന്നത്. പ്രിൻസ് കിംഗ് എന്ന 81കാരനെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
വീടിന്റെ പിന്നിൽ നിന്നായിരുന്നു ഇയാളുടെ തെറ്റാലി ആക്രമണം. പലപ്പോഴും തെറ്റാലി ആക്രമണത്തിൽ ആളുകൾക്ക് കഷ്ടിച്ചാണ് ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടിരുന്നത്.ആക്രമണം പതിവായതോടെ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ തെറ്റാലികളും ഇതിൽ ഉപയോഗിച്ചിരുന്ന ബോൾബെയറിംഗുകളും കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ബുധനാഴ്ചയാണ് ഇയാളെ സ്വകാര്യ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സംബന്ധിയായ തകരാറുകളും നാഡി സംബന്ധിയായ തകരാറുകളും ഇയാൾക്കുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.