സംസ്ഥാനത്ത് കനത്ത കാറ്റിൽ വ്യാപക നാശം….മരം വീണ് 2 വയസുകാരിക്ക് പരിക്ക്..


സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ കാറ്റിൽ വ്യാപക നാശം. ആലപ്പുഴയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. നിലമ്പൂർ സ്വദേശി താജുദീനാ (19) ണ് പരിക്കേറ്റത്. ഇടിയപ്പ വിൽപ്പനക്കായി കടകളിലേക്ക് പോകുമ്പോൾ അമ്പലപ്പുഴ വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ടയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകര്‍ന്നു. രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പത്തനംതിട്ട സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിനു മുകളിലാണ് മരം വീണത്. വീട്ടിലുണ്ടായിരുന്ന ശ്യാമളയുടെ ചെറുമകൾ രണ്ടു വയസ്സുകാരി അനാമികയ്ക്ക് നേരിയ പരിക്കേറ്റു. പത്തനംതിട്ട പന്തളം ചേരിക്കലിൽ പുലർച്ചെ തേക്കുമരം കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.

ആലപ്പുഴയിൽ ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരം വീണു നാശനഷ്ടങ്ങൾ സംഭവിച്ചു. തകഴിയിലെ റെയിൽവേ ട്രാക്കിൽ വീണ മരം ഫയർ ഫോഴ്‌സ് എത്തി മുറിച്ചു മാറ്റി. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിലാണ് മരം വീണത്. ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു. ചെങ്ങന്നൂരും ഹരിപ്പാടും ചേർത്തലയിലും ആലപ്പുഴ നഗര പ്രദേശങ്ങളിലും മരം വീണു.

ശക്തമായ കാറ്റിൽ ആലപ്പുഴ മാന്നാറിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. വൈദ്യുതിബന്ധം തകരാറിലായി. മരം വീണ് മാന്നാർ തൃക്കുരട്ടി ധർമശാസ്താ ക്ഷേത്രത്തിന്‍റെ മതിൽ തകർന്നു. ചിലയിടങ്ങളിൽ ഗതാഗത തടസവും നേരിട്ടു.ശക്തമായ കാറ്റിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ മരം വീണ് കേട്പാട് സംഭവിച്ചു.തലവടി മാലിച്ചിറ ശാന്തയുടെ വീടിന് മുകളിലേയ്ക്കാണ് പുളിമരം വീണത്. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിലാണ് മരം വീണത്.

കൊല്ലം മയ്യനാട് മുക്കം ഭാഗത്ത് ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന ആറു പേർ നീന്തിരക്ഷപെട്ടു. പരവൂരിൽ ശക്തമായ കാറ്റിൽ പരമ്പരാഗത വള്ളം മറിഞ്ഞു. തീരത്തോട് ചേർന്നാണ് മറിഞ്ഞത്. തമിഴ്നാട് സ്വദേശികളായ 4 മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാലു പേരും നീന്തി രക്ഷപ്പെട്ടു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊല്ലം ആശ്രമത്ത് മരം ഒടിഞ്ഞുവീണു. മതിലും വൈദ്യുതി പോസ്റ്റും തകർന്നു. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കും മരം വീണു. കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടമുണ്ടായി. ഓച്ചിറയിൽ റെയിൽവേ ട്രാക്കിൽ മരം വീണു.

കോട്ടയത്ത് ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടമുണ്ടായി. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി ഭാഗങ്ങളിലാണ് മരം വീണത്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി.കോട്ടയം കുമരകത്തും ഒളശ്ശയിലും നാശനഷ്ടമുണ്ടായി. കുമരകം പാണ്ടൻ ബസാർ -ആശാരിശ്ശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു ചുളഭാഗം റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഒളശ്ശ പള്ളിക്കവല ഓട്ടോ സ്റ്റാൻഡിന് സമീപം തേക്ക് മരം വഴിയിലേക്ക് വീണ് പള്ളിക്കവല – ഒളശ്ശ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം പൊൻമുടി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വിതുര – പൊൻമുടി റോഡിൽ 21-ാം വളവിന് മുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് ഉൾപ്പെടെ കുടുങ്ങി. വിതുര യിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റുകയാണിപ്പോള്‍. ഇന്നലെ രാത്രി മുതൽ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ട്
ഇപ്പോൾ മഴക്ക് ശമനം. പൊൻമുടി യിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.തിരുവനന്തപുരം വാമനപുരം നദിയിൽ പൊന്നാം ചുണ്ട് പാലം കരകവിഞ്ഞ് ഒഴുകി. ഇന്നലെ രാത്രി ശക്തമായ മഴയായിലായിരുന്നു മലയോര മേഖല നദിയിൽ ജലനിരപ്പ് ഉയർന്നത്.

Related Articles

Back to top button