തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം..സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ…
തൃശൂര്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സിപിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഗൂഢാലോചന പുറത്തുവരേണ്ടതാണെന്നും സിപിഐ വ്യക്തമാക്കി.
പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിര് കടന്നതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് ഉള്‍പ്പെടെ നടപടി ഉണ്ടായി. എന്നാല്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ആയിരുന്നു.സംഘപരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.