തൃശൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു…
തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളില്‍ രണ്ടു പേരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഇവരുടെ ഇളയ സഹോദരനായ ആറ് വയസ്സുകാരനെ നാട്ടുകാര്‍ രക്ഷിച്ചു.
വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. മുതിര്‍ന്ന രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതായി ഇളയ കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്.നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തു നിന്നുള്ള അതിഥി തൊഴിലാളി കുടുംബത്തിലെ കുട്ടികളാണ് മൂന്നുപേരും. കുറച്ചുകാലമായി വറവട്ടൂരിലെ കന്നുകാലി ഫാമില്‍ ജോലി ചെയ്തു വരികയായിരുന്നു കുടുംബം.