തുടർച്ചയായി നൂറുമേനി വിജയം കരസ്ഥമാക്കി ഗായത്രി സ്കൂൾ
മാവേലിക്കര : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ പുള്ളിക്കണക്ക് ഗായത്രി സീനിയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറുമേനി വിജയം. 73 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ആറുപേർക്ക് എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് ലഭിച്ചു. മഹേശ്വരി കുഞ്ഞമ്മ, ശ്രേയ.എസ്.നായർ, അദ്വൈത്.എ.പിള്ള, ലക്ഷമി പ്രതീപ്, നേഹ അജയകുമാർ, ആലിയ.എം.എ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും ഏവൺ ഗ്രേഡ് നേടിയവർ. 36 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കും 23 പേർക്ക് 80 ശതമാനത്തിന് മുകളിലും 11 പേർ 70 ശതമാനത്തിന് മുകളിൽ മാർക്കും നേടിയാണ് വിജയിച്ചത്. 99 ശതമാനം മാർക്ക് നേടി വിജയിച്ച മഹേശ്വരി കുഞ്ഞമ്മയാണ് സ്കൂൾ ടോപ്പർ. തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ ഷാജി.സി അഭിനന്ദിച്ചു. മുൻവർഷങ്ങളിലെ പോലെ ഇപ്രാവശ്യവും ഉന്നത വിജയം നേടാൻ കഴിഞ്ഞത് ശക്തമായ അധ്യാപക വിദ്യാർത്ഥി ബന്ധം നിലനിൽക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.