തീരത്ത് കടൽക്ഷോഭം ശക്തമായി.
ആലപ്പുഴ: അമ്പലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം ശക്തമായി. കൂറ്റൻ തിരമാലകൾ കരയിലേക്കെത്തിയതോടെ ജനജീവിതം ദുസ്സഹമായി. കടൽ അടിച്ചു കയറിയതിനെ തുടർന്ന് മൂന്ന് വീടുകൾ അപകട ഭീഷണിയിലായി. 14-ാം വാർഡ് പുതുവൽ വീട്ടിൽ രാജേഷ്, വെള്ളം തെങ്ങിൽ സാബു, പുതുവൽ വീട്ടിൽ കവിത എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും കടലെടുക്കാമെന്ന സ്ഥിതിയിലെത്തിയത്.
ശനിയാഴ്ച പകൽ 12- ഓടെയാണ് കടൽ ശക്തിയാർജിച്ചത്. കാലവർഷത്തിൻ്റെ ഭാഗമായുള്ള കടൽക്ഷോഭമാണന്ന് തീര വാസികൾ പറഞ്ഞു. 13, 15 വാർഡുകളുടെ തീരങ്ങളിലെ കരയും കടൽ കവർന്നു. വിവരമറിഞ്ഞ് എച്ച് .സലാം എം .എൽ. എ സ്ഥലം സന്ദർശിച്ചു.
വീടുകൾക്ക് ഭീഷണിയായ തീരങ്ങളിൽ, നിർമ്മിച്ചു വെച്ചിട്ടുള്ള ടെട്രാപോഡുകൾ നിരത്തി സംരക്ഷണം ഉറപ്പാക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് ബോർഡ് (കെ. ഐ. ഐ. ഡി .സി) ഡെപ്യൂട്ടി ജനറൽ മാനേജർ കെ. പി .ഹരൺ ബാബുവിന് എച്ച്. സലാം എം. എൽ .എ നിർദ്ദേശം നൽകി. വേലിയിറക്കമാകുന്നതോടെ ഞായർ പുലർച്ചെ ടെട്രാപോഡുകൾ നിരത്തിതുടങ്ങും.
ഈ ഭാഗങ്ങളിൽ നേരത്തേ താത്കാലികമായി ടെട്രാപോഡുകൾ നിരത്തിയിരുന്നത് തീരത്ത് ഏറെ ആശ്വാസമായതായി തീരവാസികൾ പറഞ്ഞു.