തീയണക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ കണ്ടത്…

തിരുവന്തപുരം: ഇന്ന് രാവിലെയാണ് റോഡരികിൽ കൂട്ടിയിട്ട പുല്ലിന് തീപിടിച്ച് പുരയിടത്തിലേക്ക് പടരുന്നു എന്ന് നാട്ടുകാർ ഫയർ ഫോഴ്‌സിനെ അറിയിച്ചത്. ഫയർ ഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ വയോധികനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുഖവും കാലും അടക്കം ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

പുന്നമൂട് സ്വദേശി വിക്രമൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് 74 വയസുണ്ട്. റോഡരികിലെ പുല്ലിൽ നിന്ന് തീ പുരയിടത്തിലേക്ക് പടരുകയും ഇത് അണക്കാനുള്ള ശ്രമത്തിൽ വിക്രമൻ നായരുടെ ദേഹത്ത് തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിക്രമൻ നായരുടെ മകൻ തീയണക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ വിഷ്ണുവും സഹപ്രവർത്തകരുമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗമാണ് വിഷ്ണു.

വിക്രമൻ നായർ ഇന്ന് രാവിലെ പുരയിടം വൃത്തിയാക്കി റോഡരികിൽ തീ ഇടുകയായിരുന്നുവെന്നാണ് വിവരം. പുരയിടത്തിലും ഉണങ്ങിയ പച്ചിലകളും മറ്റും ധാരാളം ഉണ്ടായിരുന്നതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമായത്. ഇതിനിടയിൽ അബദ്ധത്തിൽ വിക്രമൻ നായർ തീക്കകത്ത് അകപ്പെട്ട് പോവുകയും പിന്നീട് അബോധവസ്ഥയിൽ ആയിട്ടുണ്ടാവാമെന്നും ഫയർ ഫോഴ്സ് ജീവനക്കാർ പറഞ്ഞു.

Related Articles

Back to top button