തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിലുണ്ടായ ആക്രമണം..പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും…
തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ട് കെ.എസ്.ഇ.ബി ചെയർമാൻ.അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിക്കുന്നത്.. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്.
ഇന്ന് രാവിലെയാണ് തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസില്‍ ആക്രമണമുണ്ടായത്.ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു.ഇത് ചോദ്യംചെയ്യാനായി എത്തിയ പ്രതികൾ ഓഫീസിൽ കേറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്യുകയായിരുന്നു.വനിതാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയതായും പറയുന്നു.ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. അക്രമത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദനമേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്.