തിരുവനന്തപുരം ടെക്നോസിറ്റിയിലെത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കും…
തിരുവനന്തപുരം ടെക്നോസിറ്റിയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു.ഇതിനായി മെഡിക്കൽ സംഘം സ്ഥലത്തെത്തി. കാട്ടുപോത്തിനെ കണ്ടെത്താൻ ഡിഎഫ്ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു.
മംഗലപുരത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കഴിഞ്ഞദിവസം നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 400 ഏക്കർ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഭൂരിഭാഗവും കാടുകയറിയ ഈ മേഖലയിൽനിന്നാണ് ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ കണ്ടെത്തേണ്ടത്. ഇന്നലെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.