തിരഞ്ഞെടുപ്പ് ചൂടിൽ സഭയും കത്തുന്നു…. പ്രതിഷേധം ശക്തം… വിവാദങ്ങൾക്കിടെ FCRA ബിൽ ചർച്ച മാറ്റിവെച്ചു

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA) ലോക്‌സഭ ഇന്ന് ചർച്ചയ്‌ക്കെടുത്തേക്കില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ 12 മണിവരെ നിർത്തിവെച്ചു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബിൽ ചർച്ചയ്‌ക്കെടുക്കുന്നത് തിരിച്ചടിയാകുമെന്ന ബിജെപി നേതാക്കളുടെ തന്നെ വിലയിരുത്തലാണ് കേന്ദ്രത്തിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് സഭയ്ക്കകത്തും പ്രതിഷേധം തുടർന്നതോടെ ബിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ചർച്ചയ്‌ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്നും ബില്ലിനെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ബിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് വോട്ട് വിഹിതത്തെ ബാധിക്കുമെന്നും കേരളത്തിലെ ബിജെപി നേതാക്കൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം വൈകിയും ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ആസ്തികൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സിബിസിഐ (CBCI) ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി. ബിൽ വിശദമായ പഠനത്തിനായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വിദേശ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും മേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി.

Related Articles

Back to top button