തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. അന്വേഷണത്തിന്റെ പേരിൽ സി.ബി.ഐ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സിബിഐ പ്രവർത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മഹുവ പറഞ്ഞു. നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നൽകിയ പരാതിയിൽ പറയുന്നു.
പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം വേണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടുത്ത നടപടി ഉണ്ടാകാൻ പാടില്ലെന്നും മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം സിബിഐ മഹുവയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ സ്ഥാനാർത്ഥിയായിരിക്കെയാണ് മഹുവയുടെ വസതിയില്‍ പരിശോധന നടന്നത്.