തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയം..നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്…
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എൽഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചർച്ചയുണ്ടാകും.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ വിശദമായ പരിശോധനയ്ക്കായി 16 മുതൽ 5 ദിവസത്തെ നേതൃയോഗം സിപിഎം വിളിച്ചുചേർത്തിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ നേതൃയോഗത്തിൽ നടക്കും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും യോഗത്തിലുണ്ടായേക്കും.പരമ്പരാഗത സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതും പാർട്ടി ചർച്ച ചെയ്യും.സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് വിജയിച്ചതിനാൽ സംസ്ഥാന മന്ത്രിസഭയിൽ ഒഴിവു വരും. പുതിയ മന്ത്രിയെ തീരുമാനിക്കണോ, വകുപ്പുകൾ തൽക്കാലം മറ്റാർക്കെങ്കിലും കൈമാറണോ എന്നതും യോഗത്തിൽ ചർച്ചയാകും. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിനെ മന്ത്രിയാക്കാനാണ് പാർട്ടിയിലെ ആലോചന. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ചർച്ചകൾക്കൊപ്പം സുപ്രധാന പാർട്ടി തീരുമാനങ്ങൾക്കും ഇന്ന് സാധ്യതയുണ്ട്.