താര സംഘടയായ അമ്മയിൽ സംഭവിക്കുന്ന പൊട്ടിത്തെറികൾക്ക് കാരണമെന്ത്….
താര സംഘടയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ മത്സരാർത്ഥികളെ കണ്ടപ്പോൾ തന്നെ ഔദ്യോഗിക പക്ഷവും വിമത പക്ഷവും വെളിവായിരുന്നു.
കാൽ നൂറ്റാണ്ടിൽ അധികം അമ്മയുടെ സാരഥിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുകയും പുതിയ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പുതിയ മുഖങ്ങൾ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞത്. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടി പറഞ്ഞതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.