താജ് മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ നിരോധിച്ചു.. സന്ദര്‍ശകരുടെ എണ്ണത്തെ ബാധിക്കുമോ ??
താജ് മഹലിനുള്ളില്‍ സന്ദര്‍ശകരും ഗൈഡുമാരും വെള്ളക്കുപ്പികള്‍ നിരോധിച്ച് ഉത്തരവിറക്കി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേതാണ് നടപടി. താജ് മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
താജ് മഹലിന്റെ ചമേലി ഫാര്‍ഷ് മുതല്‍ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികള്‍ നിരോധിച്ചിരിക്കുന്നത്. അതേസമയം നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിലെ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
കൊടും ചൂടില്‍ സന്ദര്‍ശകര്‍ തലകറങ്ങി വീഴുന്ന സംഭവങ്ങള്‍ പോലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വെള്ളക്കുപ്പികള്‍ വിലക്കുന്നത് സന്ദർശകർക്ക് വലിയ ബുദ്ദിമുട്ടുകള്‍ ഉണ്ടാക്കും. ഇത് വിദേശ സഞ്ചാരികളുടെ അളവിലും കുറവുണ്ടാക്കുമെന്ന് ടൂറിസം ജീവനക്കാരും പറയുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടുപേര്‍ താജ് മഹലിനുള്ളില്‍ വെള്ളം ഒഴിച്ചത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനു കൈമാറിയിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. ചെറിയ കുപ്പിയിലാണ് ഇവര്‍ വെള്ളം കൊണ്ടുവന്നത്. താജ് മഹൽ ചരിത്രസ്മാരകമല്ലെന്നും ശിവക്ഷേത്രമാണെന്നുമായിരുന്നു ഇവരുടെ വാദം.