തലമുറകൾ ഒത്തുകൂടി ടീച്ചറമ്മയെ ആദരിക്കാൻ…..40 വർഷത്തെ അധ്യാപന ജീവിതം…

വിളപ്പിൽ: ആയിരക്കണക്കിന് കുട്ടികൾക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ടീച്ചറമ്മയെ ആദരിക്കാൻ ഒത്തുകൂടിയത് നാടൊരുമിച്ച്. വിളപ്പിൽ പഞ്ചായത്തിലെ വിട്ടിയം, തുരുത്തുംമൂല വാർഡുകളിലെ മൂന്ന് തലമുറകളിൽ പെട്ടവരാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അംഗനവാടി ടീച്ചർ ചൊവ്വള്ളൂർ ഹരിശ്രീയിൽ ആർ. രമാദേവിയെ യാത്രയാക്കാൻ എത്തിയത്.
40 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം വിരമിച്ച ഗുരുനാഥയ്ക്ക് കൈനിറയെ സമ്മാനങ്ങളു സ്നേഹചുംബനവും നൽകിയാണ് നാട് യാത്രയാക്കിയത്.

ടീച്ചറുടെ പൂർവ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച ‘ആദ്യാക്ഷരം’ എന്ന വാട്സാപ് ഗ്രൂപ്പാണ് യാത്ര അയപ്പ് സംഘടിപ്പിച്ചത്. സീരിയൽ താരം സിന്ധു ശിവസൂര്യ രമടീച്ചറെ പൊന്നാട അണിയിച്ച് നാടിൻ്റെ സ്നേഹോപഹാരം സമ്മാനിച്ചു. തുടക്കകാലത്ത് പഠിപ്പിച്ച പലരുടേയും മക്കളെയും കൊച്ചു മക്കളെയും പഠിപ്പിക്കാനുള്ള അപൂർവഭാഗ്യവും തനിക്കുണ്ടായെന്ന് മറുപടി പ്രസംഗത്തിൽ രമടീച്ചർ പറയുമ്പോൾ സദസിൽ നിറഞ്ഞ കരഘോഷം.രമടീച്ചറിനൊപ്പം അംഗനവാടിയിൽ ആയയായി ജോലി ചെയ്തിരുന്ന ഭദ്ര, തുരുത്തുംമൂല അംഗനവാടിക്ക് ഭൂമി ദാനം നൽകിയ ശിവൻകുട്ടി എന്നിവരെയും ചടങ്ങിൽ അദരിച്ചു. ആദ്യാക്ഷരം ഗ്രൂപ്പ് അഡ്മിൻമാരായ ആർ.രാജേഷ്, എസ്.ഷിബു, എസ്.രാകേഷ്, ഇന്ദുലേഖ എന്നിവർ സംസാരിച്ചു

Related Articles

Back to top button