തനിയേ മുന്നോട്ടുനീങ്ങിയ ആലപ്പുഴ ബസ് ബ്രേക് ചവിട്ടി നിര്‍ത്തി യാത്രക്കാരി

തനിയേ മുന്നോട്ടുനീങ്ങിയ ബസ് ബ്രേക് ചവിട്ടി നിര്‍ത്തി യാത്രക്കാരി. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തുറവൂര്‍ സ്വദേശിയായ രേഷ്നയുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. കലൂരില്‍ താമസിക്കുന്ന രേഷ്ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകുന്നതിനാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. എല്ലാ ദിവസവും എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറാറുള്ള രേഷ്‌ന റെയില്‍വേയില്‍ ഹെല്‍ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാലാണ് കഴിഞ്ഞദിവസം നേരത്തെ എത്തിയത്.സംഭവത്തെ കുറിച്ച് രേഷ്‌ന പറയുന്നത്: സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസിലാണ് ഞാന്‍ കയറിയത്. സ്ത്രീകള്‍ ഉള്‍പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നു. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഞാനിരുന്നത്. ഡ്രൈവറും കന്‍ഡക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്‍ഡില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. തനിയേ മുന്നോട്ട് പോകുന്നത് കണ്ട് ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമെന്ന് ഉറപ്പായിരുന്നു. വേഗം തന്നെ ഞാന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക് ചവിട്ടി. വണ്ടി നിന്നപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഓടിയെത്തി.ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞുതന്ന ‘എ-ബി-സി’ അഥവാ ആക്സിലറേറ്റര്‍-ബ്രേക്-ക്ലച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക് ചവിട്ടാനുള്ള ആത്മവിശ്വാസം തന്നത്.’ ഏറ്റവും മുന്നിലെ സീറ്റില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നും ചെയ്യാതെ നോക്കിനില്‍ക്കാനാവുന്ന സമയമായിരുന്നില്ല അത്. ബ്രേക് മാറി ആക്സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനേ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയത്. രേഷ്‌നയുടെ ധൈര്യത്തെ പ്രശംസിച്ച് ഒരുപാട് പേര്‍ രംഗത്തുവന്നിരുന്നു.

Related Articles

Back to top button