തനിച്ചു താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ മോഷണം… യുവതി അറസ്റ്റിൽ….
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ മോഷണം, യുവതി അറസ്റ്റിൽ. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായാകുമാരി (35) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത് . പള്ളിപ്പാട് നടുവട്ടം കൊരണ്ടി പള്ളി വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.ലക്ഷ്മിക്കുട്ടിയമ്മ ക്ഷേത്രത്തിൽ പോകാനായി വൈകുന്നേരം നാലരയോടെ വീട്ടിൽ നിന്നും പുറത്തു പോയപ്പോൾ മായാകുമാരി വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മ രാത്രിയിൽ ഉറങ്ങാനായി സമീപത്തെ വീട്ടിലാണ് പോകുന്നത്. ഇവർ പോയ ശേഷമാണ് പ്രതി മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണക്കമ്മലും ആണ് ഇവിടെ നിന്നും കവർന്നത്. മോഷണം ശേഷം പുലർച്ചെ നാല് മണിയോടെ ആണ് മായാകുമാരി തിരികെ പോയത്. സിസിടിവി ദൃശ്യങ്ങളും, വിരലടയാള വിദഗ്ധർ ശേഖരിച്ച തെളിവുകളുമാണ് പ്രതിയെ പിടികൂടാൻ പോലീസിന് സഹായകരമായത്.