തട്ടിപ്പ് കേസിലെ പ്രതിയെ ഗുജറാത്തിൽ നിന്നും പിടികൂടി…
അമ്പലപ്പുഴ: നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ 16 വർഷത്തിന് ശേഷം ഗുജറാത്ത് കച്ചിലെ ഭുജിൽ നിന്നും അമ്പലപ്പുഴ പൊലീസ് പിടികൂടി.തോട്ടപ്പള്ളി 2189 നമ്പർ ശാഖയിൽ 1997-2006 കാലത്ത് സെക്രട്ടറിയായിരുന്ന പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് ഗൗരീ മന്ദിരത്തിൽ പവിത്രൻ്റെ മകൻ പ്രിജിമോൻ (53)നെ ആണ് പിടികൂടിയത്.16 വർഷമായി ഒളിവിലായിരുന്നു പ്രിജിമോൻ.ശാഖയിൽ സെക്രട്ടറിയായിരുന്ന കാലത്ത് ശാഖക്കായി പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്.
2007 മുതൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത നിരവധി കേസിൽ പ്രതിയാണ് പ്രജിമോൻ. ഇതിൽ ഒരു കേസിൽ റിമാൻ്റിലാകുകയും ചെയ്തിരുന്നു. കോടതിയിൽ നിന്നും ജാമ്യം ലഭിച്ച പ്രജിമോൻ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്രതെരേസ ജോണിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രതിയുടെ കുടുംബാംഗങ്ങളെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.ഇവരുടെ യാത്രാ വിവരങ്ങൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധച്ചതിൽ ഗുജറാത്തിൽ നിന്നുള്ള ഒരു ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുജറാത്തിൽ ഉണ്ടെന്ന് സൂചന ലഭിച്ചത്.തുടർന്ന് അമ്പലപ്പുഴ പൊലീസ് ഗുജറാത്തിൽ എത്തി രണ്ടാഴ്ചയോളം അവിടെ താമസിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രജിമോനെ റിമാൻ്റു ചെയ്തു