തങ്കം കൊലക്കേസ്.. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി…
പാറശ്ശാല : കാരോട് ചീനിവിള തങ്കം കൊലക്കേസിലെ പ്രതി റോബർട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ അഞ്ചുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും ഹൈക്കോടതി നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിക്ക് നിർദേശം നൽകി. ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. മാത്രവുമല്ല പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുകൊണ്ടുതന്നെ വിചാരണ നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കാരോട്, കാന്തള്ളൂർ, ചീനിവിള വീട്ടിൽ തങ്കത്തിനെ(70) ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരുമകനായ റോബർട്ട്. 2023 ജൂലായ് രണ്ടിന് വൈകീട്ട് നാലിനാണ് സംഭവം നടന്നത്.അമ്മായിയായ തങ്കത്തിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പൈപ്പുകൊണ്ടുതന്നെ ഭാര്യ പ്രീത(31)യെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന പ്രീതയുടെ ഭർത്താവ് കാരോട്, കാന്തള്ളൂർ, ഇടവിളാകം വീട്ടിൽ റോബർട്ട് (35) നൽകിയ ജാമ്യാപേക്ഷ ഹർജി തള്ളിക്കൊണ്ടാണ് അഡീഷണൽ ജില്ലാ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
പ്രതിയായ റോബർട്ടിന്റെ പേരിൽ ബലാത്സംഗക്കേസും പോക്സോ കേസുമുണ്ട്. കൊലപാതകക്കേസിൽ ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനാൽ അഡീഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീറിന്റെ മുൻപിൽ തെളിവ് വിചാരണ ആരംഭിക്കുകയും ചെയ്തു. സാക്ഷി വിസ്താരവും തുടങ്ങി. കൊല്ലപ്പെട്ട തങ്കത്തിന്റെ പേരിലുള്ള വസ്തുവും വീടും റോബർട്ടിന്റെ പേരിൽ എഴുതി നൽകാത്തതിനാലും, തങ്കത്തിന്റെ അക്കൗണ്ടിലെ പണം നൽകാത്തതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പൊഴിയൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ടി.സതികുമാറാണ് അവസാന കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി. കേസിൽ പ്രീതയുടെ ആറുവയസ്സുകാരനായ മകൻ ഉൾപ്പെടെ 40 സാക്ഷികളെയാണ് കോടതി വിസ്തരിക്കാനുള്ളത്.