തകർന്ന വീടിനുള്ളിൽ നാലുപേർ..പുറത്തെടുക്കാൻ ശ്രമം..ചൂരൽമലയിലെ റിസോർട്ടിലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി…

ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ. വീട് പൂർണമായും മണ്ണിൽ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജീവനുള്ള ആളുകളെ പൂർണമായും ഇന്നലെ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞെന്നാണ് കരുതുന്നത്.അതേസമയം ചൂരൽമലയിലെ റിസോർട്ടിൽ കുടുങ്ങിക്കിടന്നവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോ​ഗ്യനിലയിൽ ആശങ്ക ഉയരുകയാണ്. മുണ്ടക്കൈയിലെ ട്രീവാലി റിസോർ‌ട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

കൂടം കൊണ്ട് കോൺ‌ക്രീട്ട് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയും മറ്റുമാണ് കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുനിന്നാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ ജോലികൾ ചെയ്യുന്നത്.ചൂരൽമലയിൽ താൽക്കാലികമായി നിർമിച്ച പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഒരു പാലം കൂടി നിർമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ഇരുനൂറോളം വീടുകളാണ് മുണ്ടക്കൈയിൽ റോഡിന് ഇരുവശങ്ങളിലുമായി ഉണ്ടായിരുന്നത്. ഒരു പച്ചപ്പുല്ല് പോലും അവശേഷിക്കാതെ ഉരുൾപൊട്ടലിൽ ഗ്രാമം അപ്പാടെ ഇല്ലാതായി. 150 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന സ്ഥിരീകരണം.

Related Articles

Back to top button