ഡ്രൈ ഡേയില്‍ മദ്യവിൽപ്പന..യുവാവ് പിടിയിൽ…
അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പാമ്പൂത്തറ സ്വദേശി രാജു (48) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്. ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ അന്നനാട് പാമ്പൂത്തര കേന്ദ്രീകരിച്ചായിരുന്നു അനധികൃത മദ്യ വിൽപ്പന.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസവും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ തിരിച്ചറിയാനാവാത്ത വിധം പൊതിഞ്ഞാണ് മദ്യക്കുപ്പികൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.