ഡ്രൈവിങ് സ്കൂൾ ഉടമകൾ പൂതനയെ ഇറക്കി… പ്രതിഷേധ സമരം….
തൃശൂർ: പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ തൃശൂരിൽ പൂതനയെ ഇറക്കി ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധ സമരം. ചുങ്കം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പൂതന സമരം കളക്ട്രേറ്റിൽ സമാപിച്ചു. തൃശൂർ കോർപ്പറേഷൻ ഒല്ലൂർ ഡിവിഷൻ കൗൺസിലർ സി.പി പോളി സമരം ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ജില്ലാ കൺവീനർ രമേശ് അധ്യക്ഷനായി. ഷിജു മാട്ടിൽ, സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളെ പ്രതിനിധീകരിച്ച് അമ്പതിലേറെപ്പേർ പങ്കെടുത്തു.
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണേഴ്സ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു