ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായി…..രണ്ടര ലക്ഷം അപേക്ഷകൾ…..
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. തുടര്‍ന്ന് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍, അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന്, നിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയാണ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.



