ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിൻ്റെ പേരിൽ ക്ലിനിക് ആലപ്പുഴയിൽ..ഉത്‌ഘാടനം ഈ മാസം….

ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ക്ലിനിക്ക് ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്യും .മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കൾ ക്ലിനിക്ക് തുടങ്ങുന്നത്. തൃക്കുന്നപ്പുഴ പല്ലനയാറിന്‍റെ തീരത്താണ് ഡോക്ടർ വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചിരിക്കുന്നത്.

വന്ദനയുടെ അമ്മയുടെ നാട്ടിലാണ് ഡോ വന്ദനയുടെ പേരിൽ ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്.രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഓപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ മറ്റു പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാൻ എത്തും. ലാബ്, മരുന്ന് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂർണ്ണമായും വന്ദനയുടെ വീട്ടുകാർ തന്നെയാണ് നൽകുന്നത്. മുന്നോട്ടുള്ള യാത്രയിൽ സാമ്പത്തിക തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ചികിത്സക്ക് ചെറിയ നിരക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ക്ലിനിക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സുരേഷ് ഗോപി എംപി, മന്ത്രി വി എൻ വാസവൻ, രമേശ് ചെന്നിത്തല എംഎൽഎ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോക്ടർ വി പി ഗംഗാധരൻ തുടങ്ങിയവർ പങ്കെടുക്കും. പതിനൊന്നാം തീയതി വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരെ അണിനിരത്തിയുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പിന്നോക്ക മേഖലയിൽ നിന്നും തിരഞ്ഞെടുത്ത സമർത്ഥരായ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും വന്ദനയുടെ പേരിൽ രക്ഷിതാക്കൾ നൽകുന്നുണ്ട്.

Related Articles

Back to top button