ഡോ.വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം….ഏകമകളുടെ അകാല വേർപാടിൽ വേദനയോടെ മാതാപിതാക്കൾ….
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം.ഏക മകളുടെ അകാല വേർപാടിൽ വേദനയോടെ കഴിയുകയാണ് വന്ദനയുടെ മാതാപിതാക്കൾ. വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിൻ്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. നിലവിൽ കേസിൻ്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്. 90 ദിവസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കടുത്തുരുത്തിയിലെ വീടിൻ്റെ ഗേറ്റിനു മുന്നിലിന്നുമുണ്ട് ഡോ.വന്ദനദാസ് എന്ന് പേരെഴുതിയ ബോർഡ്. സ്റ്റെതസ്കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി വന്ദന ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളെല്ലാം മുറിയിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടിപ്പോഴും. ഏക മകളുടെ വിയോഗത്തിൻ്റെ ഒരാണ്ടിനിപ്പുറം നൊമ്പരപ്പെടുത്തുന്ന ഈ ഓർമകളാണ് അച്ഛൻ മോഹൻദാസിനും അമ്മ വസന്തകുമാരിയ്ക്കും കൂട്ടായിട്ടുള്ളത്.