ഡോ വന്ദനാ ദാസ് കൊലപാതകം..പ്രതിയുടെ കുറ്റപത്രം വായിച്ചു..കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി….
കൊട്ടാരക്കര ഗവ ഹോസ്പിറ്റലിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ വന്ദനാ ദാസ് വധക്കേസിലെ സാക്ഷി വിസ്താരം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. പ്രമാദമായ കൊലപാതക കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്.
ഡോ വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതക കുറ്റവും കേസിലെ രണ്ടു മുതൽ അഞ്ചു വരെ സാക്ഷികളെ ദേഹോപദ്രവം ഏല്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമവും സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ആശുപത്രി ജീവനക്കാരെ അക്രമിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ആണ് പ്രതിയുടെ മേൽ ചുമത്തിയിട്ടുള്ളത്.
തനിക്ക് എതിരെയുള്ള കുറ്റങ്ങൾ എല്ലാം വായിച്ചു കേട്ട പ്രതിയോട് കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രതി നൽകിയത്.
ഇതിനിടെ പ്രതിയുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവ് ശരിവെച്ച ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി ഭാഗം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കേസിൽ നിലവിൽ കേസ് നടപടികൾ തുടരുന്നതിനെ സംബന്ധിച്ച് മേൽക്കോടതിയുടെ സ്റ്റേ ഉത്തരവ് ഇല്ലാത്ത കാരണത്താൽ കുറ്റപത്രം വയിച്ചുകേൾപ്പിക്കുന്നത് മാറ്റിവെക്കരുതെന്നു കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. തുടർന്ന് ഇരുഭാഗത്തിൻ്റെയും വാദം കേട്ട കോടതി പ്രതിയുടെ ഹർജി തള്ളുകയാണ് ഉണ്ടായത്. കേസിൽ സെപ്റ്റംബർ രണ്ടു മുതൽ സാക്ഷി വിസ്ഥാരത്തിന് തയ്യാറാകാൻ കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടു. സാക്ഷി വിസ്തരം ഷെഡ്യൂൾ ചെയ്യാനായി കേസ് ഈ മാസം 24 ലേക്ക് മാറ്റി.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.