ഡോ. വന്ദനാ ദാസ് കൊലക്കേസ്… പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷയും പിഴയും….

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്.

2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റ് 23നാണ് കേസിൽ പൊലീസ് ചാർജ്ഷീറ്റ് സമർപ്പിച്ചത്. ആക്രമണം മനഃപൂർവ്വം ആയിരുന്നുവെന്നും പ്രതിക്ക് മാനസികരോഗ ലക്ഷണങ്ങളില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഫോറൻസിക് റിപ്പോർട്ട്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപേക്ഷ വന്ദനയുടെ കുടുംബം നൽകിയെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. കേസിൽ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നടത്തിയത്.

Related Articles

Back to top button