ഡോക്ടറുടെ കൊലപാതകം..സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി..മമതക്കെതിരെ ഇരയുടെ പിതാവ്…
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും. ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച രാവിലെയായിരുന്നു കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്ത് എത്തി . പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നതെന്നും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു