ഡിഎല്‍എഫ് ഫ്‌ളാറ്റിലെ താമസക്കാർക്ക് വയറിളക്കവും ഛര്‍ദിയും..ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി….

കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button