ഡവ് അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ചു

കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഡോവ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഷാമ്പൂ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യുണിലിവർ. ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു കലർന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളെയാണ് യുണിലിവർ തിരിച്ചു വിളിച്ചിരിക്കുന്നത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, എയറോസോൾ ഡ്രൈ ഷാംപൂ നിർമ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാൻഡുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും വളരെയധികം ജാഗ്രതയോടെ കമ്പനി വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ബെൻസീൻ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ രക്താർബുദത്തിന് കാരണമായേക്കാം.

ഇതോടെ വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെ സുരക്ഷ ചോദ്യചിഹ്നമാകുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, നിരവധി ഉത്പന്നങ്ങളിലാണ് ക്യാന്സറിന് കാരണമാകുന്ന ബെൻസീൻ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജോൺസൺ ആൻഡ് ജോൺസൺ, ന്യൂട്രീജെന, എഡ്ജ്‌വെൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോർഫ് എജിയുടെ കോപ്പർടോൺ എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകൾ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുണ്ട്‌.

എയറോസോൾ ഡ്രൈ ഷാംപൂകളിൽ ഇത് ആദ്യമായല്ല ബെൻസീൻ സാന്നിധ്യം കണ്ടെത്തുന്നത്. ബെൻസീൻ സാന്നിധ്യത്തെ തുടർന്ന് ഡിസംബറിൽ പാന്റീൻ, ഹെർബൽ എസെൻസസ് തുടങ്ങിയ ഡ്രൈ ഷാംപൂകൾ കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്രൈ ഷാംപൂ പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ബെൻസീൻ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉത്പന്നങ്ങളിൽ വിഷമോ മനുഷ്യ ശരീരത്തിന് ദോഷകരമായതോ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിഷ്കർഷിക്കുന്നു.

Related Articles

Back to top button