ടോറസ് ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് 43കാരൻ മരിച്ചു…

പള്ളിയിൽ നിന്നും തിരിച്ചുവരുന്നതിനിടെ റോഡരികില്‍ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. മാപ്രാണം സ്വദേശിയായ കുറ്റിക്കാടൻ വീട്ടിൽ ഷൈജു (43) ആണ് മരിച്ചത്. ഇടവക ദിനാചരണത്തിന്‍റെ ഭാഗമായി മാപ്രാണം പള്ളിയിലെ പരിപാടികൾ കഴിഞ്ഞ് ഭാര്യയെയും ഒരു കുട്ടിയെയും സ്കൂട്ടറിൽ വീട്ടിൽ കൊണ്ട് വന്ന് ആക്കിയതിന് ശേഷം മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് റോഡരികിൽ നിർത്തിയിട്ട ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് കയറി അപകടം നടന്നത്.

അപകട സമയത്ത് മഴയുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ എഡ്വിൻ എന്ന കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങളായി റോഡരികിൽ കേടായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് സമീപം അപകട സൂചനകൾ നൽകുന്ന റിഫ്ലക്റ്ററുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്.

Related Articles

Back to top button