ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധം…
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിർമ്മാണവും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി.ഉന്നത സിപിഐഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ നീക്കമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ടി പി കേസ് പ്രതികളോട് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. ഇതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.