ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്…പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു…
ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതികളുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍, ചൊക്ലി പൊലീസ് സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തത്.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സിപിഒമാരുടെ മൊഴിയെടുത്തത്. സംഭവത്തില്‍ കൊളവല്ലൂര്‍ എഎസ്ഐ ശ്രീജിത്തിനെയാണ് സ്ഥലം മാറ്റിയത്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.