ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന പ്രതി രജനികാന്ത വിയ്യൂർ ജയിലിലേക്ക്…..

ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്.

കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്.  സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ടിടിഇ വിനോദിന് നേരിടേണ്ടിവന്നത്. ഇന്നലെ രാത്രി 7 മണിയോടെയാണ് എറണാകുളം- പട്ന എക്സ്പ്രസ്സിൽ അരുംകൊല നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അപകടത്തിൽ വിനോദിന്റെ കാലുകളും അറ്റുപോയി.  

Related Articles

Back to top button