ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ… കെകെ രമ…
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ. നല്ല തെറ്റ് തിരുത്തലാണ് സിപിഎം നടത്തുന്നതെന്ന് വിമര്‍ശിച്ച വടകര എംഎൽഎ, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും കുറ്റപ്പെടുത്തി.
ടിപി ചന്ദ്രശേഖരൻ കേസിൻ്റെ വിഷയം എല്ലാ കാലത്തും ചര്‍ച്ച ചെയ്യേണ്ടി വരുന്നുവെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും പ്രതികൾക്ക് വഴിവിട്ട സഹായമാണ് ചെയ്യുന്നത്. പ്രതികൾക്ക് ജയിലിൽ സുഖവാസമാണ്. ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളാണ്. അവര്‍ക്ക് ജയിലിൽ വച്ച് സ്വര്‍ണക്കടത്ത്, ക്വട്ടേഷൻ പ്രവര്‍ത്തനങ്ങൾ നടത്താനാവുന്നുണ്ട്. മൂന്ന് പ്രതികളെയാണ് – അണ്ണൻ സിജിത്ത്, ഷാഫി, ടികെ രജീഷ്- ഇപ്പോൾ വിട്ടയക്കാൻ ശ്രമിക്കുന്നത്. 20 വര്‍ഷത്തിനിപ്പുറം ഇവരുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ടിപി കേസിലെ പ്രതികൾക്ക് ഇതുവരെ എത്ര പരോൾ ലഭിച്ചു.താൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയില്ല. ഈ സഭയിലും മറുപടി തന്നിട്ടില്ല. ഹൈക്കോടതി ശിക്ഷിച്ച പ്രതി ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികൾ പുറത്തുവിടുന്ന രഹസ്യങ്ങൾ പാര്‍ട്ടി നേതൃത്വത്തിന് തലവേദനയുണ്ടാക്കും. അതാണ് ഏറ്റവുമൊടുവിലത്തെ വിട്ടയക്കൽ നീക്കത്തിന് പിന്നിൽ. പ്രതികളെ വിട്ടയക്കുന്നതിൽ തൻ്റെയും അയൽവാസികളുടെയും മൊഴി പൊലീസ് വന്ന് രേഖപ്പെടുത്തി പോയി. പ്രതികൾ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ളവരും വന്ന് മൊഴിയെടുത്തു പോയി. ഇതിന് സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്നും കെകെ രമ വ്യക്തമാക്കി.