ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഇടത്‌ സംഘടനയായ പുരോഗമന വിദ്യാർഥി ഫോറത്തിന്‌ നിരോധനം…..

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസിൽ (ടിസ്സ്‌) ഇടത്‌ സംഘടനയായ പുരോഗമ വിദ്യാർഥി ഫോറ (പിഎസ്‌എഫ്‌) ത്തെ നിരോധിച്ച്‌ കേന്ദ്രസർക്കാർ. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയിൽ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള പിഎസ്‌എഫിനെയാണ് നിരോധിച്ചത്. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലയുടെ നിലപാടുകൾക്കെതിരെ പിഎസ്‌എഫ് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. തിങ്കളാഴ്ച വൈകിട്ടാണ്‌ രജിസ്‌ട്രാർ അനിൽ സുതർ നിരോധന ഉത്തരവ്‌ പുറത്തിറക്കിയത്‌. മഹാരാഷ്‌ട്രയിലെ രണ്ട്‌ ക്യാമ്പസുകൾക്ക്‌ പുറമേ അസം, തെലങ്കാന സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലും സംഘടനയെ നിരോധിച്ചിട്ടുണ്ട്.


സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു, വിദ്യാർഥികളെ വഴിതെറ്റിക്കുന്നു തുടങ്ങിയ വിചിത്ര അവകാശവാദങ്ങളാണ്‌ പിഎസ്‌എഫിനെ നിരോധിച്ചുള്ള ഉത്തരവിൽ അധികൃതർ പറയുന്നത്‌. സ്ഥാപനത്തിനുള്ളിൽ പ്രവർത്തന സ്വാതന്ത്ര്യം നിരോധിച്ചതിന്‌ പുറമേ ആരെങ്കിലും പരിപാടികൾ സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്‌താൽ ബലം പ്രയോഗിക്കുമെന്ന ഭീഷണിയും ഉത്തരവിലുണ്ട്‌. അധ്യാപകർ , വിദ്യാർഥികൾ തുടങ്ങി ആരെങ്കിലും സംഘടനയെ പിന്തുണച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരും. ഉത്തരവിന്‌ വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷ ഉദ്യോഗസ്ഥരെയൊ സ്‌റ്റുഡന്റ്‌സ്‌ അഫേഴ്‌സ്‌ ഓഫീസിലോ അറിയിക്കണം. അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും– ഉത്തരവിൽ പറയുന്നു. കേന്ദ്രവിഭ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനാണ്‌ ടിസ്സ്‌ ചെയർമാൻ.

Related Articles

Back to top button