ഞാൻ എന്റെ കുഞ്ഞിനെ കൊന്നു… അതിന് നിങ്ങൾക്കെന്താ ?
മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം പ്രതി ശ്രീമഹേഷ് മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയത്തിൽ പോലീസ്. കൊലപാതകവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ശ്രീമഹേഷിനെ ബലം പ്രയോഗിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാളുടെ ക്രൂരതയിൽ ഞെട്ടിയ നാട്ടുകാർ ശാപവാക്കുകളുമായിട്ടായിരുന്നു പ്രതിയെ സ്വീകരിച്ചത്.
ആശുപത്രിയിൽ തടിച്ചുകൂടിയ ജനം മഹേഷിനെ പ്രാരുകയും ശപിക്കുകയും ചെയ്തു. ഇതോടെ ഇവരോട് മഹേഷ് കയർത്തു സംസാരിച്ചു. തന്നെ ശപിച്ചവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നായിരുന്നു ശ്രീമഹേഷ് പ്രതികരിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോഴും പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. പോലീസുകാരോട് നന്നായി സഹകരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു വീട്ടിൽ തെളിവെടുപ്പിനായി മഹേഷിനെ എത്തിച്ചത്. മകളുടെ കഴുത്തറത്ത സിറ്റ് ഔട്ടിൽ രക്തം തളംകെട്ടി കിടക്കുന്നിടത്തേക്ക് ചൂണ്ടിക്കാണിക്കുമ്പോഴും കൈകൾ വിറച്ചില്ല. സംസാരം ഇടറിയില്ല. വീടിനുള്ളിൽ കയറിയ ശേഷം മുറികൾക്കുള്ളിലും നക്ഷത്ര കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും ഇയാളെ എത്തിച്ച് തെളിവെടുത്തു.