‘ഞാനും ഇ.എം.എസും പഴയ കോൺഗ്രസുകാർ’..’ഇവിടെയൊക്കെ തന്നെ കാണും ,ആരും ഒരു ചുക്കും ചെയ്യില്ല’:പി വി അൻവർ…

പി.വി അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും അദ്ദേഹം വന്ന വഴി കോൺഗ്രസിന്റേത് ആണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പി വി അൻവർ എം.എൽ.എ.താനും ഇ.എം.എസും പഴയ കോൺഗ്രസാണെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും അൻവർ പറഞ്ഞു. ഇ.എം.എസ് കെപിസിസി സെക്രട്ടറിയായിരുന്നു. അദ്ദേഹമെങ്ങനെയാണ് സഖാവ് ഇ.എം.എസ് ആയതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാനാണ് ഒപ്പമുള്ളവരുടെ ശ്രമമെന്നും അൻവർ പ്രതികരിച്ചു.പാർട്ടിയുടെ ചട്ടക്കൂടിനു വിരുദ്ധമായാണ് താൻ പ്രവർത്തിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. തനിക്ക് വേറൊരു മാർഗവും ഉണ്ടായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ മൊത്തത്തിൽ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. താൻ കൊള്ളക്കാർക്കു വേണ്ടിയും ലോബിക്കു വേണ്ടിയും പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്നുപറഞ്ഞത് എഡിജിപി അജിത്കുമാറിന്റെ സ്റ്റേറ്റ്മെന്റാണ്. ഡിജിപിക്ക് മൊഴി നൽകി പുറത്തുവന്ന ശേഷം അജിത്കുമാർ ആദ്യം പറഞ്ഞ പ്രസ്താവന. അതാണ് ഇന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഇന്ന് ഇവർ പറയിപ്പിച്ചത്. അതേസമയം, നിരന്തരം ആരോപണം ഉന്നയിച്ചിട്ടും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാൻ മാത്രം ദുർബലനാണോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന്, അത് തനിക്കറിയില്ല എന്നായിരുന്നു അൻവറിന്റെ മറുപടി.

അതേസമയം ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ലെന്നും പി.വി അൻവർ എംഎൽഎ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി . നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനം പൂർത്തിയായ ഉടനെയായിരുന്നു പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌. അതു മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം,ആരും ഒരു ചുക്കും ചെയ്യാനില്ലെന്നും അൻവർ പറഞ്ഞു.

Related Articles

Back to top button