ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ഹേമന്ത് സോറന്‍…

ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും.ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.നിലവിലെ മുഖ്യമന്ത്രിയായ ചംപയ് സോറന്‍ സ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസമാണ് ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങിയത്. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ജെഎംഎം നീക്കം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.ഇതോടെ ബന്ധുവായ ചംപയ് സോറന്‍ മുഖ്യമന്ത്രിയാകുകയായിരുന്നു.കഴിഞ്ഞ ജനുവരി 31-നാണ് 48-കാരനായ ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്.ജാമ്യമനുവദിച്ചാല്‍ തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.അതേസമയം എന്‍ഡിഎയിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് മോദിസര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് സോറനെതിരേയുണ്ടായതെന്നായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആരോപണം.

Related Articles

Back to top button