ജൻസന്റെ മരണവിവരം ശ്രുതിയെ അറിയിച്ചില്ല..മാനസിക പിന്തുണ നൽകണമെന്ന് ബന്ധു..ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടന്ന് മുഖ്യമന്ത്രി…
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസണ്‍ മരണത്തിന് കീഴടങ്ങി.അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ശ്രുതി അപകട നില തരണം ചെയ്തു, പക്ഷെ ജൻസന്റെ മരണ വിവരം എങ്ങനെ അറിയിക്കുമെന്ന് അറിയില്ലെന്ന് ജൻസന്റെ ബന്ധു പറയുന്നു.ശ്രുതി 15 കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലാണ്. ശ്രുതിക്ക് ഒരു സർജറി കഴിഞ്ഞു. ബ്ലഡ് നൽകിവരുന്നു. ശ്രുതിയെ ഇവിടെ കൊണ്ടുവരാൻ ഞങ്ങൾ നോക്കി പക്ഷെ സാങ്കേതിമായും അത് നടക്കില്ല. ശ്രുതിക്ക് മാനസിക പിന്തുണ നൽകി തിരികെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായെന്ന വാർത്ത ഏറെ വേദനാജനകമാണ്. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.