ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലുകൾ ശരിയല്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ …..
സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന് എൻ.കെ .പ്രേമചന്ദ്രൻ എം.പി. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നെ ആരും ഇടനില നിൽക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമരം നടക്കുമ്പോൾ അത് അവസാനിപ്പിക്കാൻ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയിൽ എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
താൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്‌പി പ്രതിനിധിയായി എകെജി സെൻ്ററിൽ യോഗത്തിന് പോകാൻ ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചത്. അവിടെയെത്തിയപ്പോഴേക്കും സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം എടുത്തിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ എൽഡിഎഫ് നേതാക്കളുടെ മുറിയിൽ ടെലിവിഷൻ വച്ച് കാത്തു നിൽക്കുകയായിരുന്നു നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.