ജോലി സമ്മർദ്ദം: ചെങ്ങന്നൂരില്‍ പോലീസുകാരന്‍ ജീവനൊടുക്കി..
ചെങ്ങന്നൂര്‍: പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അനീഷ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജോലിയുടെ സമ്മര്‍ദത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിച്ച ശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ ഉച്ചയ്ക്ക് ഒന്നരയോടെ അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായാണ് വിവരം. മൂന്നുദിവസം മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തതായി വിവരമില്ല.