ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ…
അമ്പലപ്പുഴ: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പട്ടണക്കാട് പാറയിൽ വാർഡിൽ പുതുപ്പറമ്പത്ത് വെളി വീട്ടിൽ താമസിക്കുന്ന ജിത്തു സേവിയർ (30)ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. മർച്ചന്റ് നേവിയിൽ മാസം 50,000 രൂപ ശമ്പളം ലഭിക്കുന്ന സ്ഥിര ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനിൽ നിന്നും 2024 ജനുവരി, ഫെബ്രുവരി കാലയളവിൽ വ്യാജ ഓഫർ ലെറ്റർ നൽകി 8 ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതി പിടിയിലായത്.
ഫേസ്ബുക്കിലൂടെ വ്യാജ അക്കൗണ്ട് നിർമിക്കുന്ന പ്രതി കൂട്ട് പ്രതികളുടെ സഹായത്തോടുകൂടി വ്യാജ വെബ്സൈറ്റ് ഉണ്ടാക്കുകയും അതിൽ തങ്ങളുടെ തന്നെ മൊബൈൽ നമ്പർ പ്രദർശിപ്പിച്ച് ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് ടിക്കറ്റ് കാഷ്, ഡോക്കുമെന്റേഷൻ ചാർജ്, മെഡിക്കൽ ചാർജ്, എമ്മിഗ്രേഷൻ ചാർജ് എന്നിവ പറഞ്ഞു വലിയ തുക സാധാരണക്കാരിൽ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് കൂട്ടുകാരുമൊത്ത് വ്യാജ ഓഫർ ലെറ്റർ ഉണ്ടാക്കുകയും അത് ഇരയാക്കപ്പെടുന്നവർക്ക് അയച്ചു കൊടുക്കുകയും ചെയ്യും. കൃത്യത്തിന് ശേഷം മുംബൈ മീരാ റോഡിൽ താമസിചിരുന്ന പ്രതി പണത്തിന് ബുദ്ധിമുട്ട് വന്ന് തിരികെ കേരളത്തിലേക്ക് കടന്നപ്പോഴാണ് പൊലീസ് പിടിയിലായത്.
പ്രതിക്കെതിരെ എറണാകുളം പള്ളുരുത്തി, എറണാകുളം സെൻട്രൽ, കോഴിക്കോട് ഫറോക്ക്, കോഴിക്കോട് മെഡിക്കൽ കോളജ്, മഞ്ചേരി, പുൽപ്പള്ളി വയനാട്, വീയപുരം, തൂത്തുക്കുടി എന്നീ സ്റ്റേഷനുകളിൽ പരാതികളും കേസുകളും ഉള്ളതായി അറിയുന്നു. അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.ജി. അനീഷിൻ്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ വി.എൽ. ആനന്ദ് ,എസ്.പി.സി.ഒ എം.കെ. വിനിൽ , അനു സാലസ്, സേവ്യർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.