ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്..യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ….
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് പണം തട്ടിയതായി പരാതി.മാരാമണ്‍ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അര്‍മീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി അനുരാജാണ് യുവതിയില്‍നിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.
പച്ചക്കറി ഫാക്ടറിയില്‍ പാക്കേജിങ് ഡിവിഷനില്‍ ജോലി ശരിയാക്കിയെന്നു പറഞ്ഞാണ് സോനയെ അര്‍മീനിയയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷമാണ് ജോലിയില്ലെന്നും താമസസ്ഥലം പോലും ഒരുക്കിയിട്ടില്ലെന്നും അറിഞ്ഞത്. പിന്നീട് അവിടെത്തന്നെയുള്ള ഒരു വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നവരും ഇതുപോലെ ചതിക്കപ്പെട്ട് എത്തിയവരായിരുന്നു. വന്‍തുക മുടക്കി ജോലിക്കായി എത്തിയിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍, വിസ കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നവരായിരുന്നു അവര്‍.
പിന്നീട് നാട്ടിലെത്തിയശേഷം പലതവണ അനുരാജുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പൊലീസില്‍ പരാതി നല്‍കിയതോടെ ഒരുലക്ഷം രൂപ തിരികെ നല്‍കി. ബാക്കിത്തുക ആവശ്യപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞുമാറി. പിന്നീട് ഫോണില്‍ ബ്ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോയിപ്രം പൊലീസില്‍ യുവതി വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.