ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തി..ഉടമയുടെ വിളിയിൽ വീണ്ടും കുവൈത്തിലേക്ക്.. മുരളീധരന്റെ വിയോഗത്തിൽ തേങ്ങി കുടുംബം…

പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കണമെന്നായിരുന്നു മുരളീധരൻ ആ​ഗ്രഹിച്ചത്. അതിനായി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതുമായിരുന്നു .എന്നാൽ കമ്പനി ഉടമയുടെ സ്നേഹപൂർ‍വമായ വിളികൾ അദ്ദേഹത്തെ വീണ്ടും കുവൈത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാൽ നാട്ടിൽ വിശ്രമജീവിതം നയിക്കണം എന്ന ആ​ഗ്രഹം ബാക്കിയാക്കി മുരളീധരൻ മടങ്ങി.

ജോലി ഉപേക്ഷിച്ച് ആറ് മാസം മുൻപാണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി വി മുരളീധരൻ നാട്ടിലെത്തിയത്.ഇനി പോകുന്നില്ല എന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്ന് അദ്ദേഹത്തെ തേടി പതിവു പോലെ വിളിയെത്തി.ആറുമാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി ഉടമ വിളിച്ചത്. അധികം വൈകാതെ വീസയുമെത്തി. ആ വിളിയോട് മുഖം തിരിക്കാനാവാത്തതിനാൽ മുരളീധരൻ ഫെബ്രുവരിയിൽ കുവൈത്തിലേക്ക് മടങ്ങി. എന്തുവന്നാലും നവംബറിൽ മടങ്ങിപ്പോരും എന്ന തീരുമാനത്തിലായിരുന്നു. ആറ് മാസം ആയില്ല അതിനു മുന്നേ മുരളീധരൻ മടങ്ങിയെത്തുകയാണ്, ജീവനറ്റ്.

Related Articles

Back to top button