ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം..റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി…

തിരുവനന്തപുരം: റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചു.

തിരുവനന്തപുരം റെയില്‍വേ ഭൂമിയിലെ കനാലില്‍ കാണാതായ ജോയിയുടെ മൃതദേഹം രണ്ടു ദിവസം കഴിഞ്ഞാണ് കണ്ടെത്താനായത്. വലിയതോതില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലിലൂടെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
മഴക്കാലത്തെ കെടുതികള്‍ ഒഴിവാക്കാന്‍ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ റെയില്‍വേയ്ക്ക് നിരവധി തവണ കത്ത് നല്‍കിയതാണ്. എന്നാല്‍, മഴ തുടങ്ങിയ ശേഷം മാത്രമാണ് മാലിന്യം നീക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ഈ സമയം കനാലില്‍ മഴവെള്ളവും മറ്റും കെട്ടിക്കിടന്നതാണ് ജേയിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനു കാരണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Related Articles

Back to top button