ജോയിക്ക് നാടിന്റെ കണ്ണീർ വിട; സംസ്കാരം പൂർത്തിയായി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. 46 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തകരപ്പറമ്പ് ഭാഗത്തെ കനാലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റര്‍ അകലെയായിരുന്നു ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം ഉണ്ടായിരുന്നത്.
നഗരസഭ ജീവനക്കാരെ കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില്‍ പരിശോധനയ്ക്കായ് നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയര്‍ പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. തുടർന്ന് പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം സ്ഥിരീകരിക്കുകയായിരുന്നു.