ജോയിക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിൽ റെയില്‍വേ സഹകരിക്കുന്നില്ല..റെയിൽവേക്കെതിരെ മേയർ….
റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിന് റെയില്‍വേ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി മേയർ ആര്യ രാജേന്ദ്രന്‍. തെരച്ചിൽ നടക്കുന്ന മൂന്നാം നമ്പർ പ്ലാറ്റുഫോമിലും നാലാം നമ്പർ പ്ലാറ്റ്ഫോമിലും ട്രെയിനുകൾ നിർത്തിയിടുകയാണ്. ഇത് പാടില്ലെന്നും തെരച്ചിൽ നടത്താൻ കഴിയില്ലെന്നും റെയിൽവേയെ അറിയിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ നിർത്തില്ലെന്ന് കളക്ടർ വിളിച്ച യോഗത്തിൽ ഉറപ്പ് നൽകിയതുമാണ്. എന്നാൽ തികഞ്ഞ അനാസ്ഥയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മേയർ കുറ്റപ്പെടുത്തി.
മാലിന്യം നീക്കുന്നതിലെ റെയിൽവേയുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായത്. എന്നിട്ടും ഇതേ അനാസ്ഥയാണ് ഒരു ജീവൻ അപരകടത്തിൽപ്പെട്ടിട്ടും റെയിൽവേ തുടരുന്നതെന്നും ആര്യ കുറ്റപ്പെടുത്തി.സംഭവം നടന്ന് ഇത്രയും സമയമായിട്ടും റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് ഇതുവരെ വന്നിട്ടില്ലന്നും മേയര്‍ പറഞ്ഞു.അതേസമയം റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യം നീക്കി രാത്രി വൈകിയും ജോയിക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.